അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ഒരാൾ തൻ്റെ സഹോദരനെ 'ഹേ കാഫിർ' എന്ന് വിളിച്ചാൽ അവരിൽ ഒരാൾ അതുമായി മടങ്ങിയിരിക്കുന്നു. അവൻ വിളിച്ചതു പോലെത്തന്നെയാണ് കാര്യമെങ്കിൽ (വിളിക്കപ്പെട്ടവന് അത് ബാധകമായിരിക്കുന്നു). അതല്ലായെങ്കിൽ, അക്കാര്യം (വിളിച്ചവനിലേക്ക്) തന്നെ മടങ്ങുന്നതാണ്." صحيح - متفق عليه
explain-icon

വിശദീകരണം

ഒരു മുസ്‌ലിമായ വ്യക്തി തൻ്റെ സഹോദരനായ മറ്റൊരു മുസ്‌ലിമിനെ 'ഹേ കാഫിർ' എന്ന് വിശേഷിപ്പിക്കുന്നതിൽ നിന്ന് നബി (ﷺ) ശക്തമായി താക്കീത് ചെയ്യുന്നു. ഈ വാക്ക് രണ്ടിലൊരാൾക്ക് അർഹമാകുന്നതാണ് എന്ന് അവിടുന്ന് അറിയിക്കുന്നു. അയാൾ പറഞ്ഞതു പോലെ, അവൻ്റെ സഹോദരൻ യഥാർത്ഥത്തിൽ കാഫിറായിരുന്നെങ്കിൽ അത് ശരിയായ വാക്ക് തന്നെയായി പരിഗണിക്കപ്പെടും. അതല്ലായെങ്കിൽ, തൻ്റെ സഹോദരനെ കാഫിറാക്കിയത് അയാളിലേക്ക് തന്നെ തിരിച്ചു വരുന്നതാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • തൻ്റെ മുസ്‌ലിമായ സഹോദരനിൽ ഇല്ലാത്ത കാര്യങ്ങൾ -അവൻ അധർമ്മിയാണെന്നോ, കാഫിറാണെന്നോ മറ്റെല്ലാം- ആക്ഷേപിക്കുന്നതിൽ നിന്നുള്ള ശക്തമായ താക്കീത്.
  • ഗുരുതരമായ ഈ വാക്കിൽ നിന്നുള്ള ശക്തമായ താക്കീത്. തൻ്റെ സഹോദരനോട് 'ഹേ കാഫിർ' എന്ന് പറയുന്നത് ഗുരുതരമായ അപകടത്തിലേക്ക് അവനെ നയിച്ചേക്കാം. അതിനാൽ വ്യക്തമായ ബോധ്യത്തിലല്ലാതെ ഇത്തരം വാക്കുകൾ പ്രയോഗിക്കാതിരിക്കുകയും, നാവിനെ സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.