ഓരോ മനുഷ്യൻ്റെയും ശരീരത്തിലുള്ള സന്ധികളുടെ എണ്ണമനുസരിച്ചുള്ള ഐഛികമായ ദാനങ്ങൾ നൽകാൻ ഓരോ മുസ്‌ലിമിൻ്റെയും മേൽ ബാധ്യതയുണ്ട് എന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹു അവന് നൽകിയ സൗഖ്യത്തിനുള്ള നന്ദിയുടെ ഭാഗമാണത്. അവൻ്റെ എല്ലുകൾക്കിടയിൽ സന്ധികൾ നിശ്ചയിച്ചു കൊണ്ട് -അവന് വസ്തുക്കൾ പിടിക്കാനും വിടർത്താനും സാധിക്കുന്ന വിധത്തിലാക്കിയതിനുള്ള നന്ദിയുമാണത്. എന്നാൽ ഈ ദാനം പണം കൊണ്ട് മാത്രമല്ല നൽകാൻ കഴിയുക എന്നു കൂടി നബി -ﷺ- അറിയിക്കുന്നു. ശേഷം ഈ ദാനങ്ങളിൽ ഉൾപ്പെടുന്ന ചില കാര്യങ്ങൾ അവിടുന്ന് എണ്ണിപ്പറയുന്നു: തർക്കത്തിൽ അകപ്പെട്ട രണ്ടു പേർക്കിടയിൽ നീതിപൂർവ്വം രഞ്ജിപ്പുണ്ടാക്കുന്നത് ദാനമാണ്. തൻ്റെ വാഹനത്തിന് മുകളിൽ കയറാൻ സാധിക്കാത്ത ഒരാളെ അതിനു സഹായിക്കുന്നതും, ഭാരം കയറ്റിവെക്കാൻ പ്രയാസപ്പെടുന്ന ആൾക്ക് അതിനായി സഹായം നൽകുന്നതും അവൻ്റെ വിഭവങ്ങൾ ഉയർത്താൻ സഹായിക്കുന്നതും ദാനം തന്നെ. നല്ല വാക്ക് പറയുക ദാനധർമ്മമാണ്. ദിക്റുകൾ, ദുആകൾ, സലാം പറയൽ തുടങ്ങിയവയെല്ലാം ഈ പരിധിയിൽ പെടും. നിസ്കാരത്തിലേക്കുള്ള ഓരോ കാൽവെപ്പുകളും ദാനധർമമാണ്. വഴിയിലുള്ള ഉപദ്രവകരമായ വസ്തുക്കൾ നീക്കുന്നതും അതിൽ പെട്ടതു തന്നെ.