അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ കൂട്ടത്തിൽ മരണാസന്നനായ വ്യക്തിക്ക് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് നിങ്ങൾ ചൊല്ലിക്കൊടുക്കുക." صحيح - رواه مسلم
explain-icon

വിശദീകരണം

മരണലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയവരുടെ അരികിൽ വെച്ച് തൗഹീദിന്റെ വചനമായ "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് ചൊല്ലിക്കൊടുക്കാനും അത് ആവർത്തിച്ചു കൊണ്ടിരിക്കാനും നബി -صَلَّى اللهُ عَلَيْهِ وَسَلَّمَ- ഓർമ്മപ്പെടുത്തുന്നു. അവർക്ക് മരണവേളയിൽ ശഹാദത്ത് കലിമ പറയുവാനും, അവരുടെ അവസാനത്തെ വാക്ക് അതായിത്തീരുവാനും വേണ്ടിയാണിത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • മരണം ആസന്നമായവർക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കൽ (തൽഖീൻ) പുണ്യകരമാണ് (മുസ്തഹബ്ബാണ്).
  • മരണാസന്നനായ വ്യക്തിയോട് തൽഖീൻ വീണ്ടും വീണ്ടും അധികരിപ്പിക്കുന്നതും, അയാൾ അത് ഏറ്റുചൊല്ലുകയോ മനസ്സിലാക്കുകയോ ചെയ്തുകഴിഞ്ഞ ശേഷവും വീണ്ടും നിർബന്ധിക്കുന്നതും കറാഹത്താണ് (വെറുക്കപ്പെട്ടതാണ്). ആവർത്തിച്ചു കേൾക്കുന്നത് അദ്ദേഹത്തെ അലോസരപ്പെടുത്താതിരിക്കാനും, തൽഫലമായി ആ സന്ദർഭത്തിന് യോജിക്കാത്ത വല്ലതും അദ്ദേഹം പറഞ്ഞു പോകാതിരിക്കാനും വേണ്ടിയാണത്.
  • ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "മരണാസന്നനായ വ്യക്തി ഒരിക്കൽ ശഹാദത്ത് പറഞ്ഞു കഴിഞ്ഞാൽ പിന്നെ അത് അദ്ദേഹത്തോട് ആവർത്തിക്കരുത്; അതിനുശേഷം അദ്ദേഹം (ഭൗതികമായ) മറ്റെന്തെങ്കിലും സംസാരിച്ചാലൊഴികെ. അങ്ങനെ സംസാരിച്ചാൽ, അവസാനത്തെ വചനം ശഹാദത്ത് കലിമ ആയിത്തീരുന്നതിന് വേണ്ടി വീണ്ടും അത് ഓർമ്മിപ്പിക്കാവുന്നതാണ്."
  • മരണാസന്നനായ വ്യക്തിയുടെ അടുക്കൽ സന്നിഹിതനാവുക, അദ്ദേഹത്തെ (അല്ലാഹുവിനെക്കുറിച്ച്) ഓർമ്മപ്പെടുത്തുക, അദ്ദേഹത്തിന് ആശ്വാസം നൽകുക, (മരിച്ചാൽ) കണ്ണുകൾ അടക്കുക, അദ്ദേഹത്തോടുള്ള ബാധ്യതകൾ നിർവ്വഹിക്കുക തുടങ്ങിയ കാര്യങ്ങളും നിർവ്വഹിക്കാനുള്ള സൂചന ഈ ഹദീഥിലുണ്ട്.
  • മരണശേഷമോ, അല്ലെങ്കിൽ ഖബ്റടക്കിയ ശേഷം ഖബറിനരികിൽ വെച്ചോ തൽഖീൻ പറഞ്ഞു കൊടുക്കുന്നത് അനുവദനീയമല്ല. കാരണം നബി -صَلَّى اللهُ عَلَيْهِ وَسَلَّمَ- അപ്രകാരം ചെയ്തിട്ടില്ല.