അല്ലാഹുവിന് പുറമെയുള്ളവരുടെ പേരിൽ ശപഥം ചെയ്യുന്നതിൽ നിന്ന് നബി -ﷺ- താക്കീത് ചെയ്യുന്നു. കാരണം ഒരു മുസ്‌ലിം അല്ലാഹുവിൻ്റെ പേരിൽ മാത്രമേ ശപഥം ചെയ്യാൻ പാടുള്ളൂ. അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് ശപഥം ചെയ്യുന്നവർ -ഉദാഹരണത്തിന് ജാഹിലിയ്യഃ കാലഘട്ടത്തിൽ ആരാധിക്കപ്പെട്ടിരുന്ന വിഗ്രഹങ്ങളായ ലാത്തയുടെയോ ഉസ്സയുടെയോ പേരിൽ ശപഥം ചെയ്തു പോയാൽ- തൻ്റെ തെറ്റ് തിരുത്തിക്കൊണ്ട് അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന തൗഹീദിൻ്റെ വാചകം നിർബന്ധമായും പറയണം. ബഹുദൈവാരാധനയിൽ നിന്ന് തൻ്റെ അകൽച്ച പ്രഖ്യാപിക്കലും, അവൻ്റെ തെറ്റായ ശപഥത്തിൽ നിന്നുള്ള പ്രായശ്ചിത്തവുമാണ് ആ വാക്ക്. ഇതു പോലെ ചൂതാട്ടത്തിന് വേണ്ടി ഒരാൾ തൻ്റെ കൂട്ടുകാരനെ ക്ഷണിച്ചാൽ എന്തു ചെയ്യണമെന്നും നബി -ﷺ- പഠിപ്പിക്കുന്നു. രണ്ടാളുകളോ അതിൽ കൂടുതലുള്ളവരോ തങ്ങൾക്കിടയിൽ പണം വെച്ചു കൊണ്ട് മത്സരിക്കുകയും, വിജയി എല്ലാ പണവും കൈവശപ്പെടുത്തുകയും ചെയ്യുന്ന, പങ്കെടുത്തവരിൽ ഒരാൾക്ക് ലാഭവും മറ്റൊരാൾക്ക് നഷ്ടവും സംഭവിക്കുന്ന ചൂതാട്ടമെന്ന തിന്മയിലേക്ക് ക്ഷണിച്ചു പോയാൽ താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി അവൻ എന്തെങ്കിലും ദാനം ചെയ്യുന്നത് നല്ലതാണ്.