ഒരു ഭാര്യയോട് ഭർത്താവിനുള്ള ബാധ്യതകൾ എന്തെല്ലാമാണെന്ന് നബി -ﷺ- യോട് ചിലർ ചോദിച്ചു. അവിടുന്ന് ഉത്തരമായി പറഞ്ഞ കാര്യങ്ങൾ ഇവയാണ്: ഒന്ന്: നീ ഭക്ഷിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുമ്പോഴെല്ലാം അവളെയും നീ ഭക്ഷിപ്പിക്കുക; അവൾക്ക് നൽകാതെ നീ മാത്രമായി ഭക്ഷണം കഴിക്കരുത്. രണ്ട്: നീ വസ്ത്രം ധരിക്കുകയും, നിനക്ക് സമ്പാദ്യം ലഭിക്കുകയും വസ്ത്രം വാങ്ങാൻ സാധിക്കുകയും ചെയ്താൽ അവൾക്കും നീ വസ്ത്രം ധരിപ്പിക്കുക; അവൾക്ക് വസ്ത്രം നൽകാതെ നീ മാത്രമായി വസ്ത്രം സ്വീകരിക്കരുത്. മൂന്ന്: കാരണമോ ആവശ്യമോ ഇല്ലാതെ നീ അവളെ അടിക്കരുത്. അവളെ നേർവഴിക്ക് നടത്തുന്നതിനും, അവളുടെ മേലുള്ള നിർബന്ധ ബാധ്യതകൾ ഉപേക്ഷിക്കുന്നെങ്കിൽ അത് തിരുത്തുന്നതിനും വേണ്ടി അവളെ നിനക്ക് അടിക്കേണ്ടി വന്നാൽ തന്നെയും അതൊരിക്കലും മുറിവേൽപ്പിക്കുന്ന വിധത്തിലുള്ളതാകരുത്. അടിക്കുമ്പോൾ മുഖത്ത് ഒരിക്കലും നീ അടിക്കുകയുമരുത്. കാരണം ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗവും ഏറ്റവും പുറമേക്ക് പ്രകടമാകുന്ന അവയവും ശരീരത്തിലെ പ്രധാനപ്പെട്ടതും നേർത്തതുമായ പല അവയവങ്ങളും ഉൾക്കൊള്ളുന്നതുമായ സ്ഥലമാണ് മുഖം. നാല്: നീ അവളെ ചീത്തവിളിക്കുകയോ, 'അല്ലാഹു നിൻ്റെ മുഖം വികൃതമാക്കട്ടെ' എന്ന രൂപത്തിലുള്ള വാക്കുകൾ പ്രയോഗിക്കുകയും ചെയ്യരുത്. അവളുടെ ശരീരം ഭംഗിയില്ലാത്ത വികൃതമായ ശരീരമാണെന്ന് നീ പറയുകയുമരുത്. കാരണം അല്ലാഹുവാകുന്നു മനുഷ്യൻ്റെ ശരീരവും മുഖവുമെല്ലാം രൂപപ്പെടുത്തിയത്; അവൻ താൻ സൃഷ്ടിച്ച എല്ലാത്തിനെയും ഏറ്റവും കൃത്യമാക്കിയിരിക്കുന്നു. അതിനാൽ ഒരാളുടെ രൂപത്തെയും സൃഷ്ടിപ്പിനെയും ആക്ഷേപിക്കുന്നത് അല്ലാഹുവിനെ ആക്ഷേപിക്കുന്നതിൽ പെട്ടു പോകുന്നതാണ്; അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ. അഞ്ച്: അവളോട് കിടപ്പറയിലല്ലാതെ നീ അകൽച്ച കാണിക്കരുത്. നീ മറ്റൊരു വീട്ടിൽ പോയി താമസിക്കുകയോ മറ്റൊരു വീട്ടിലേക്ക് അവളുടെ താമസം മാറ്റുകയോ ചെയ്യരുത്. വീട്ടിൽ സാധാരണയായി സംഭവിക്കുന്ന സൗന്ദര്യപ്പിണക്കങ്ങളുടെ കാര്യത്തിലാണ് ഇത് ബാധകമാവുക.